ബിസിയിൽ ലേണേഴ്സ് ഡ്രൈവിംഗ് ലൈസൻസിനായുള്ള ആദ്യഘട്ട നോളഡ്ജ് ടെസ്റ്റ് ഇനി മുതൽ ഓൺലൈനായി വീട്ടിലിരുന്ന് തന്നെ എഴുതാം. ബി.സി. അറ്റോർണി ജനറൽ നികി ശർമ്മയാണ് പുതിയ പരിഷ്കാരം പ്രഖ്യാപിച്ചത്. കാറുകൾ, മോട്ടോർ സൈക്കിളുകൾ എന്നിവയുടെ ലൈസൻസിനായി അപേക്ഷിക്കുന്നവർക്കാണ് ഈ സൗകര്യം ലഭിക്കുക. എന്നാൽ കൊമേഴ്സ്യൽ വാഹനങ്ങളുടെ ലൈസൻസ് ആവശ്യമുള്ളവർ പഴയതുപോലെ നേരിട്ടെത്തി തന്നെ പരീക്ഷ എഴുതേണ്ടതുണ്ട്.
വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ബ്രിട്ടീഷ് കൊളംബിയ ഓഫീസുകളിലേക്ക് ദീർഘദൂരം യാത്ര ചെയ്യാതെ തന്നെ പരീക്ഷ എഴുതാം എന്നതും, ഓഫീസുകളിലെ തിരക്ക് കുറച്ച് റോഡ് ടെസ്റ്റുകൾക്കായി കൂടുതൽ സമയം മാറ്റിവെക്കാൻ ജീവനക്കാർക്ക് സാധിക്കും എന്നതുമാണ് ഈ തീരുമാനത്തിൻ്റെ പ്രധാന നേട്ടങ്ങൾ.
നേരിട്ട് നടത്തുന്ന പരീക്ഷയുടെ അതേ ഘടന തന്നെയാണ് ഓൺലൈൻ പരീക്ഷയ്ക്കുമുള്ളത്; ആകെ ചോദിക്കുന്ന 50 ചോദ്യങ്ങളിൽ 40 എണ്ണത്തിന് ശരിയുത്തരം നൽകണം. പരീക്ഷയിലെ സുതാര്യത ഉറപ്പാക്കാനും ക്രമക്കേടുകൾ തടയാനുമായി വെബ്‌ക്യാം സൗകര്യമുള്ള കമ്പ്യൂട്ടറുകളിൽ മാത്രമേ പരീക്ഷ എഴുതാൻ സാധിക്കൂ. മൊബൈൽ ഫോണുകളിൽ പരീക്ഷ ലഭ്യമാകില്ല.
പരീക്ഷ എഴുതുമ്പോൾ ക്യാമറ വഴിയുള്ള ഡിജിറ്റൽ നിരീക്ഷണവും മൗസ് ചലനങ്ങളുടെ ട്രാക്കിംഗും ഉൾപ്പെടെയുള്ള അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പരീക്ഷ ഓൺലൈനായി ജയിച്ചാലും, അപേക്ഷകർ ഐഡൻ്റിറ്റി പരിശോധനയ്ക്കും കാഴ്ചശക്തി പരിശോധനയ്ക്കും ഫോട്ടോ എടുക്കുന്നതിനുമായി ഐ.സി.ബി.സി ഓഫീസിൽ നേരിട്ടെത്തേണ്ടതുണ്ട്. കോർപ്പറേഷൻ്റെ ഡിജിറ്റൽ നവീകരണ പ്രക്രിയയുടെ ഭാഗമായുള്ള ഈ സേവനം 12 ഭാഷകളിൽ ലഭ്യമാണ്.